വാഷിങ്ടണ്‍: റഷ്യയ്ക്കടുത്ത് ആണവ അന്തര്‍ വാഹിനികള്‍ വിന്യസിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം തള്ളി റഷ്യ.
ട്രംപിന്റെ നടപടിയെ വകവയ്ക്കുന്നില്ലെന്നും യു.എസിനേക്കാള്‍ കൂടുതല്‍ ആണവ അന്തര്‍ വാഹിനികള്‍ തങ്ങള്‍ ലോക സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും റഷ്യയിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം വിക്ടര്‍ വൊഡോലാറ്റ്സ്‌കി പ്രതികരിച്ചു.
മാത്രമല്ല അനുയോജ്യമായ മേഖലകളിലേക്ക് മാറ്റാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഉത്തരവിട്ട അന്തര്‍ വാഹിനികള്‍ പണ്ടേ തങ്ങളുടെ നിരീക്ഷണത്തില്‍ ഉള്ളവയാണ്.
അതിനാല്‍ അന്തര്‍ വാഹിനികളെക്കുറിച്ചുള്ള അമേരിക്കന്‍ നേതാവിന്റെ പ്രസ്താവനയ്ക്ക് റഷ്യ മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും വൊഡോലാറ്റ്സ്‌കി പറഞ്ഞു. വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോ ക്രെംലിന്‍ വക്താക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉക്രെയ്‌നില്‍ വെടിനിറുത്തലിന് റഷ്യ ധാരണയില്‍ എത്താത്തതില്‍ ട്രംപിന് കടുത്ത അതൃപ്തിയുണ്ട്. ഓഗസ്റ്റ് എട്ടിനകം വെടിനിറുത്തല്‍ കരാറിലെത്തണമെന്നും ഇല്ലെങ്കില്‍ തീരുവകള്‍ ചുമത്തുമെന്നുമാണ് റഷ്യയ്ക്ക് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ചര്‍ച്ചയ്ക്ക് തയ്യാറെങ്കിലും ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് റഷ്യ.