കണ്ണൂര്‍: പൊലീസ് കാവലില്‍ ടി.പി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും സംഘത്തിന്റെയും മദ്യപാനം. സുനിക്കൊപ്പം ടി.പി കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.
തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തുകയായിരുന്നു.
സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17 ന് തലശേരി അഡിഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശേരി കോടതിയില്‍ നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്.
ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തു വന്നതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. നേരത്തെ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കമുള്ള പല നിയമവിരുദ്ധ സംഭവങ്ങളും പുറത്തു വന്നിരുന്നു.