റായ്പൂര്‍: ഛത്തീസ്ഗഡില്‍ സേവനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാരെ മതപരിവര്‍ത്തന നിയമ ലംഘനം ചുമത്തി അറസ്റ്റ് ചെതത് സംസ്ഥാന സര്‍ക്കാരിന്റെ കരുതിക്കൂട്ടിയുള്ള പദ്ധതി പ്രകാരം.
ഛത്തീസ്ഗഡ് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ 30 ന് പുറത്തിറക്കിയ ഉത്തരവിന്റെ ബലത്തിലാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനീ സമൂഹത്തിലെ രണ്ട് മലയാളി സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് ദിവസം തടവില്‍ വയ്ക്കുകയും ചെയ്തതെന്ന് വ്യക്തമായി.
സംസ്ഥാനത്തെ സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയുണ്ടാകുമെന്ന മുന്‍വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് സന്യാസിനിമാര്‍ക്കെതിരേ രാജ്യസുരക്ഷാ നിയമം ചുമത്തിയത്.
സാമുദായിക ഐക്യത്തിന് ഭീഷണിയാകുന്നതോ അല്ലെങ്കില്‍ ആകാന്‍ പോകുന്നവയോ, പൊതു ക്രമസമാധാനത്തെയും സംസ്ഥാനത്തിന്റെ സുരക്ഷയെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം. അതിനാല്‍ 1980 ലെ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കുന്നു എന്നാണ് ഉത്തരവ്.
ബജറംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ജൂലൈ 25 നാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മലയാളി ക്രൈസ്തവ സന്യാസിനിമാരായ പ്രീതി മേരി (55), വന്ദന ഫ്രാന്‍സിസ് (53) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെയാണ് കന്യാസ്ത്രീമാര്‍ക്ക് എന്‍ഐഎ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്.