തിരക്കിട്ട ജീവിതത്തില്‍ നമ്മള്‍ പലപ്പോഴും പറയാറുള്ളൊരു കാര്യമാണ് 24 മണിക്കൂറുണ്ടായിട്ടും തികയുന്നില്ല എന്നത്. ഈയിടെയായി അത് സത്യമാണെന്ന് തോന്നുന്നുണ്ടോ? ദിവസത്തിന് ദൈര്‍ഘ്യം കുറവാണ് എന്ന തോന്നലുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിശദീകരണം. ചരിത്രത്തില്‍ ഇന്ന് വരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടിയ വേഗത്തിലാണ് ഭൂമി കറങ്ങുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്.
ഈ വര്‍ഷത്തില്‍ ഇതിനോടകം തന്നെ നമ്മള്‍ ഭൂമിയില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ കറങ്ങിയ ദിവസത്തിലൂടെ കടന്ന് പോയി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇന്ന് ഓഗസ്റ്റ് അഞ്ച്. ജൂലൈ ഒന്‍പതിനും ജൂലൈ 22 നും ഇതുപോലെ ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവായിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുന്നേയുള്ള പഠനത്തില്‍ തന്നെ ഭൂമി മുമ്പത്തേക്കാള്‍ വേഗത്തിലാണ് കറങ്ങുന്നത് എന്ന് കണ്ടെത്തപ്പെട്ടിരുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എര്‍ത്ത് റൊട്ടേഷന്‍ ആന്‍ഡ് റെഫറന്‍സ് സിസ്റ്റംസ് അടക്കമുള്ളവ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വേഗത്തിലുള്ള ഈ കറക്കം ഇങ്ങനെ തുടര്‍ന്നാല്‍ 2029 ആകുമ്പോഴേക്കും ക്ലോക്കുകളില്‍ നിന്ന് ഒരു ലീപ് സെക്കന്‍ഡ് ഒഴിവാക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
2022 മുതലാണ് ഭൂമി ആക്സിലേറ്റര്‍ ഒന്ന് അമര്‍ത്തി ചവിട്ടാം എന്ന് കരുതി തുടങ്ങിയത്. ഇന്‍ഡിജിനസ് ഒബ്സര്‍വേഷന്‍സ് ഓഫ് ആര്‍ട്ടിക് എന്‍വയോണ്‍മെന്റല്‍ ചേഞ്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭൂമി വളരെ വേഗത്തില്‍ കറങ്ങുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് അഞ്ച് ആയിരിക്കും ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. സാധാരണ ദിവസത്തേക്കാള്‍ 1.51 മില്ലിസെക്കന്‍ഡ് കുറവായിരിക്കും ഈ ദിവസത്തിന്റെ ദൈര്‍ഘ്യം എന്നാണ് കരുതുന്നത്.
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ഇതെല്ലാം വിചിത്രമായി തോന്നാമെങ്കിലും ഭൂമിയുടെ ഭ്രമണ വേഗതയില്‍ ഇത്തരത്തില്‍ ദീര്‍ഘകാലങ്ങളായി മാറ്റം സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് ദിനോസറുകള്‍ 23 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിവസമുള്ള സമയത്താണ് ജീവിച്ചിരുന്നത്. വെങ്കലയുഗത്തില്‍ ശരാശരി ദിവസം ഇന്നത്തേക്കാള്‍ ഏകദേശം അര സെക്കന്‍ഡ് കുറവായിരുന്നു. ഇനി 200 ദശലക്ഷം വര്‍ഷം കഴിയുമ്പോള്‍ ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. സാധാരണയായി ഒരു ദിവസത്തിന് 24 മണിക്കൂര്‍ അഥവാ 86,400 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. എന്നാല്‍ അത് പൂര്‍ണമായും കൃത്യമല്ല. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍, വേലിയേറ്റങ്ങള്‍, ഭൂഗര്‍ഭ മാറ്റങ്ങള്‍ എന്നിവ പോലുള്ള പല കാര്യങ്ങള്‍ക്കും ഭൂമിയെ അല്‍പം വേഗത്തിലോ സാവധാനത്തിലോ കറക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.