ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീം കോടതി പരാമര്‍ശത്തില്‍ മറുപടിയുമായി സഹോദരിയും കോണ്‍ഗ്രസ് എംപിയുമായ പ്രിയങ്ക ഗാന്ധി.
യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ട. കോടതി പരാമര്‍ശത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ കടമ. സൈന്യത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ ഭൂപ്രദേശം ചൈന കയ്യേറിയെന്ന ആരോപണത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. 2022 ഡിസംബറില്‍ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് മാനനഷ്ടക്കേസിന് അടിസ്ഥാനം. ഇന്ത്യയുടെ 2000 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശം ചൈന കൈയടക്കിയെന്നും 20 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
ഇതിനെതിരെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ മുന്‍ ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവ ലക്‌നൗ കോടതിയില്‍ നല്‍കിയ കേസിലെ നടപടികള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെയാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയിലെത്തിയത്.
കേസ് പരിഗണിച്ച കോടതി 2000 ചതുരശ്ര കിലോ മീറ്റര്‍ കൈയടിക്കിയെന്ന വിവരം നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നും വിശ്വസനീയമായ വിവരം കിട്ടാതെ എങ്ങനെ ഇത്തരം പ്രസ്താവനകള്‍ നടത്തും എന്നും ചോദിച്ചിരുന്നു.
യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ നിങ്ങള്‍ക്ക് ഇങ്ങനെ പറയാനാവില്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി. പൊതുതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് സംസാരിച്ചതെന്ന് രാഹുലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദിച്ചു.
ഇരുപത് സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അങ്ങനെ സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സിംഗ്വി ചോദിച്ചു. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഇരുഭാഗത്തും നഷ്ടങ്ങളുണ്ടാകില്ലേയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം.