ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍പ്പെട്ട ധരാളിയിലെ വന്‍ മേഘ വിസ്ഫോടനത്തിനും മിന്നല്‍ പ്രളയത്തിനും ഉരുള്‍ പൊട്ടലിനും പിന്നാലെ സമീപത്ത് മറ്റൊരു മേഘ വിസ്ഫോടനം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകാശി ജില്ലയില്‍ തന്നെ സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപമാണ് രണ്ടാമത്തെ മേഘ വിസ്ഫോടനമുണ്ടായതായത്.
ആദ്യ മേഘ വിസ്‌ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുളളത്. ഇതുവരെ നാല് പേരുടെ മരണം സ്ഥിരീകരിച്ചു. അറുപതിലധികം ആളുകളെ കാണാതായിട്ടുണ്ട്. നീരവധി വീടുകളും കെട്ടിടങ്ങളും ഹോം സ്‌റ്റേകളും ഒലിച്ചു പോയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ രണ്ടാമത്തെ മേഘ വിസ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ് അധികൃതര്‍. എസ്.ഡി.ആര്‍.എഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ താമസക്കാര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അപകടസാധ്യതാ മേഖലകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വന്‍ മേഘ വിസ്ഫോടനമുണ്ടായത്. ഒരു പര്‍വത ശിഖരത്തില്‍ നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി ധരാളി ഗ്രാമത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഓടി രക്ഷപ്പെടാന്‍ പോലും സാധിക്കാത്ത വിധം സെക്കന്‍ഡുകള്‍ കൊണ്ട് ഒട്ടേറെ വീടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതിനടിയില്‍ നിരവധി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞു കൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. ഹര്‍സില്‍ മേഖലയിലെ ഖീര്‍ഗംഗാ നദിയുടെ വൃഷ്ടി പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങള്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.