ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അപകട സ്ഥലത്ത് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. അപകട മേഖലയില്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഉത്തരകാശിയിലെ ധരാലിയില്‍ രണ്ട് മണിക്കുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും അറുപതിലധികം ആളുകളെ കാണാതാവുകയും ചെയ്തു. ഇതില്‍ 16 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.