വീണ്ടും തീരുവ ഭീഷണി; ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളില്‍ വീണ്ടും ഉയര്‍ത്തുമെന്ന് ട്രംപ്

വീണ്ടും തീരുവ ഭീഷണി; ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളില്‍ വീണ്ടും ഉയര്‍ത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദവും ട്രംപ് ആവര്‍ത്തിച്ചു.

ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം അവര്‍ തങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്തും. അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് (റഷ്യ-ഉക്രെയ്ന്‍ യുദ്ധം)ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ താന്‍ സന്തോഷവാനായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദേഹത്തിന്റെ ഈ പ്രതികരണം. ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. ഉക്രെയ്‌നില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ യുഎസ്എയ്ക്ക് നല്‍കേണ്ട തീരുവ ഉയര്‍ത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ജൂലൈ 30 നാണ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റി അയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസങ്ങളും റഷ്യയില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.