ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ ഉണ്ടായ മിന്നല്‍പ്രളയത്തില്‍ ക്യാമ്പിലുണ്ടായിരുന്ന സൈനികരെ കാണാതായതായി വിവരം. പത്തോളം സൈനികരെ കാണാനില്ലെന്നാണ് സൈനിക വക്താവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ മേഘ വിസ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപത്തായി വീണ്ടും മേഘ വിസ്ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. രക്ഷാപ്രവര്‍ത്തന സംഘങ്ങളെല്ലാം ധരാലിയിലെ മേഘവിസ്ഫോടനം നടന്ന സ്ഥലത്താണെന്നതിനാല്‍ രണ്ടാമത്തെ മേഘവിസ്‌ഫോടന സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം ഏറെ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് ആദ്യത്തെ വന്‍ മേഘവിസ്ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും പെട്ട് അറുപതിലധികം പേരെ കാണാതായി. നാല് പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.