ന്യൂഡല്‍ഹി: ബിജെപി വക്താവിനെ ജഡ്ജിയാക്കാനുള്ള നീക്കത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍. ബോംബെ ഹൈക്കോടതിയിലേക്ക് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് ഹൈബി ഈഡന്‍ ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭയുടെ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് ഹൈബി ഈഡന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍ക്കണരണത്തിനും ഈ നിയമനം കാരണമായേക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ച വ്യക്തിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കാമെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ വ്യക്തമാക്കുന്നു.
ജൂലൈ 28 ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയമാണ് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കൈമാറിയത്. ശുപാര്‍ശ നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.