പാലിയേക്കരയില്‍ ഒരു മാസത്തേക്ക് ടോള്‍ ഈടാക്കരുതെന്ന് ഹൈക്കോടതി; ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍ദേശം

പാലിയേക്കരയില്‍ ഒരു മാസത്തേക്ക്  ടോള്‍ ഈടാക്കരുതെന്ന്  ഹൈക്കോടതി; ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍ദേശം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്‌ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

അടിപ്പാതകളുടെയും സര്‍വീസ് റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാതെയാണ് ടോള്‍ പിരിക്കുന്നതെന്നും മേഖലയില്‍ വലിയ ഗതാഗതക്കുരുക്കാണ് നേരിടുന്നതെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതിനാല്‍ ടോള്‍ പിരിവ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മൂന്നാഴ്ചത്തെ സമയം വേണമെന്നാണ് ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാതെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെയടക്കമാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.