മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തി.
ഇന്ത്യയും റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 27, 28 തിയതികളില്‍ വിദേശ കാര്യമന്ത്രി എസ്. ജയശങ്കറും റഷ്യന്‍ സന്ദര്‍ശനം നടത്തും.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡോവലിന്റെ സന്ദര്‍ശനം വലിയ പ്രാധാന്യമുള്ളതായി മാറി.
റഷ്യയുമായുള്ള സഹകരണം തുടര്‍ന്നാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അധിക തീരുവ നടപ്പാക്കാനുള്ള തീരുമാനം ഉടനില്ലെന്നും വിശദമായ പ്രതികരണം പിന്നീടെന്നുമാണ് ഇന്ന് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
തീരുമാനം റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളുവെന്നാണ് വിശദീകരണം. വ്യാപാര കരാറിന്റെ കാര്യം അതത് രാജ്യത്തിന്റെ തീരുമാനമാണെന്നാണ് റഷ്യയുടെ പ്രതികരണം.
മോസ്‌കോയില്‍ പ്രതിരോധ വ്യവസായ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഡോവല്‍ നടത്തുമെന്നാണ് സൂചന. കൂടുതല്‍ എസ് 400 മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങല്‍, ഇന്ത്യയില്‍ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കല്‍, റഷ്യയുടെ സു 57 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടേക്കും.