ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയില്‍ അമേരിക്കയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ.
നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമേരിക്ക ലക്ഷ്യം വെക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്.
മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അതേ നടപടികളുടെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ അധിക തീരുവ ചുമത്തിയ യു.എസ് നടപടി അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ജൂലൈ 30 നാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേല്‍ ട്രംപ് 25 ശതമാനം തീരുവ പ്രഖ്യാപിക്കുന്നത്. റഷ്യയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തിയില്ലെങ്കില്‍ അടുത്ത 24 മണിക്കൂറിനകം ഇന്ത്യക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൊവ്വാഴ്ച ട്രംപ് പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ബുധനാഴ്ച 25 ശതമാനം അധിക തീരുവ കൂടി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേല്‍ യു.എസ് ചുമത്തുന്നത്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. തീരുവ വര്‍ധന ഓഗസ്റ്റ് 27 ന് നിലവില്‍ വരും.
ഇതോടെ അമേരിക്ക ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ബ്രസീസിലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് 39 ശതമാനവും കാനഡയ്ക്ക് 35 ശതമാനവും ചൈനയ്ക്ക് 30 ശതമാനവുമാണ് തീരുവ.