പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ഈ മാസമുണ്ടായേക്കും; ട്രംപുമായുള്ള കൂടിക്കാഴ്ചയും ഉടന്‍

പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ഈ മാസമുണ്ടായേക്കും; ട്രംപുമായുള്ള കൂടിക്കാഴ്ചയും ഉടന്‍

മോസ്‌കോ:  റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും. തിയതി സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ലെന്ന് റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു.

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെച്ചൊല്ലി അമേരിക്ക ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുടിന്‍ ഇന്ത്യയിലെത്തുന്നതെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.

അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച സംബന്ധിച്ച് ധാരണയില്‍ എത്തിച്ചേര്‍ന്നതായും വരും ദിവസങ്ങളില്‍ നടക്കുമെന്നും റഷ്യയുടെ വിദേശകാര്യ ഉപദേഷ്ടാവ് യുരി ഉഷാകോവ് അറിയിച്ചു.

ട്രംപ് രണ്ടാമതും പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കന്മാരും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.

എന്നാല്‍ ഈ കൂടിക്കാഴ്ച യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചേരുമോ എന്ന സംശയവുമുണ്ട്. കാരണം റഷ്യയും ഉക്രെയ്‌നും മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളില്‍ സമവായത്തിലെത്തിച്ചേരാനുള്ള സാധ്യത വിരളമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.