ലാഹോര്‍: മതനിന്ദ ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ജയിലില്‍ അടയ്ക്കപ്പെട്ട യുവാവ് മരിച്ചു. ലാഹോര്‍ സ്വദേശിയായ നബീല്‍ മാസിഹ്(25) എന്ന ക്രിസ്ത്യന്‍ യുവാവാണ് ശിക്ഷ അനുഭവിച്ചു വരവേ മരണത്തിന് കീഴടങ്ങിയത്.
ജയിലില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന അവഗണന, പീഡനം, വൈദ്യ സഹായത്തിന്റെ അഭാവം എന്നിവയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
നബീല്‍ മാസിഹിന് പതിനാറ് വയസുള്ളപ്പോള്‍ ഇസ്ലാം മത വിശ്വാസികളുടെ പുണ്യ സ്ഥലമായ കഅബയെ അപമാനിച്ച് ഫെയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതായി ആരോപിച്ച് അക്തര്‍ അലി എന്നയാള്‍ മാസിഹിനെതിരെ പരാതി നല്‍കുകയായിരുന്നു.
പാകിസ്ഥാനിലെ മതനിന്ദാ നിയമ പ്രകാരം പൊലീസ് മാസിഹിനെ അറസ്റ്റ് ചെയ്തു. പിന്നീട് പൊലീസ് ചിത്രം നീക്കം ചെയ്തതിനാല്‍ മാസിഹ് അത് പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ കഴിയുന്ന ഏക തെളിവ് നശിപ്പിക്കപ്പെട്ടു.
2018 ല്‍ ദൈവ ദൂഷണത്തിന് മാസിഹിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു, പാകിസ്ഥാനില്‍ ഈ നിയമങ്ങള്‍ പ്രകാരം ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു നബീല്‍ മാസിഹ്.
ചില നിയമ, മനുഷ്യാവകാശ സംഘടനകള്‍ മാസിഹിന്റെ കേസ് അന്താരാഷ്ട്ര തലത്തില്‍ ഉന്നയിച്ചെങ്കിലും പാകിസ്ഥാന്‍ ജയിലില്‍ അദേഹത്തിന് ആവശ്യമായ സംരക്ഷണമോ വൈദ്യ സഹായമോ ലഭിച്ചില്ല.