ടെല്‍ അവീവ്: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇസ്രയേല്‍ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചതിനെ പരാമര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിര്‍മിതമായ ബരാക് 8 മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഇന്ത്യ പ്രയോഗിച്ചു.
അവ സംഘര്‍ഷ വേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഹമാസിനെ ഇല്ലാതാക്കാന്‍ ഗാസയ്ക്കെതിരായ സൈനികാക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള തന്റെ പദ്ധതി വെളിപ്പെടുത്തവേയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
ഞങ്ങള്‍ മുന്‍പ് നല്‍കിയ ആയുധങ്ങള്‍ യുദ്ധക്കളത്തില്‍ വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ വികസിപ്പിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷി യുദ്ധക്കളങ്ങളില്‍ പരീക്ഷിച്ച് ഉറപ്പു വരുത്താറുണ്ട്. അവ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും തങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ആയിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലുള്ള ഇന്ത്യയുടെ തിരിച്ചടി.
തദ്ദേശനിര്‍മിത ആയുധങ്ങളെ കൂടാതെ ബാരാക് മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം പ്രയോഗിച്ചിരുന്നു. ഇസ്രേയല്‍ നിര്‍മിത ആയുധങ്ങളെ കൂടാതെ റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ ഇന്റര്‍സെപ്റ്ററുകളും സൈന്യം ഉപയോഗിച്ചിരുന്നു.
റഡാര്‍ സംവിധാനങ്ങളെ തകര്‍ക്കാനാണ് ഹാര്‍പി ഡ്രോണുകള്‍ സഹായിക്കുക. മാരക സ്ഫോടന ശേഷിയുള്ള പോര്‍മുനകള്‍ വഹിക്കുന്ന ഇവ ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ നിലംപരിശാക്കും. ദീര്‍ഘദൂര ശേഷിയുള്ള, ഭൂമിയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് ബരാക് 8.
ശത്രുവിന്റെ യുദ്ധവിമാനങ്ങളെ ഉള്‍പ്പെടെ വീഴ്ത്താന്‍ ഇവയ്ക്ക് ശേഷിയുണ്ട്. 360 ഡിഗ്രി കവറേജും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഉന്നം വെക്കാനും സാധിക്കും.