'അവർ ഉറ്റ സുഹൃത്തുക്കൾ'; ഇന്ത്യ-യുഎസ് താരിഫ് യുദ്ധത്തിന് പരിഹാരം സാധ്യമെന്ന് നെതന്യാഹു

'അവർ ഉറ്റ സുഹൃത്തുക്കൾ'; ഇന്ത്യ-യുഎസ് താരിഫ് യുദ്ധത്തിന് പരിഹാരം സാധ്യമെന്ന് നെതന്യാഹു

ടെല്‍ അവീവ്: യുഎസുമായുള്ള വ്യാപാര സംഘർഷങ്ങള്‍ക്കിടെ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യ ഒരു ഉറച്ച പങ്കാളിയാണെന്ന് യുഎസിന് ധാരണയുണ്ടെന്ന് നെതന്യാഹു പറഞ്ഞു.

ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തിക്കാട്ടിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ഏഷ്യയില്‍ വേറിട്ടുനില്‍ക്കുന്ന രാജ്യമാണിത്. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ "പൊതുവായ ആശയങ്ങളുള്ള രണ്ട് ഉറ്റ സുഹൃത്തുക്കൾ" എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങളില്‍ ഒരു പരിഹാരം സാധ്യമാണ് എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

25 ശതമാനം അധിക തീരുവയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അധിക തീരുവ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആകെ തീരുവ 50 ശതമാനം ആയി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു ട്രംപിൻ്റെ നീക്കം.

ഇന്ത്യയ്ക്ക് മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. യുഎസിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നതോടെ, ക്രമേണ കയറ്റുമതി കുറയുമെന്നാണ് നിരീക്ഷണം. രാജ്യത്തിൻ്റെ വിവിധ വ്യവസായ മേഖലകളെയാണ് നടപടി പ്രതികൂലമായി ബാധിക്കുക.

ജൈവ രാസവസ്തുക്കൾ, വസ്ത്രങ്ങൾ, കാർപെറ്റുകൾ, മേക്കപ്പ് വസ്തുക്കൾ, വജ്രം, സ്വർണം, മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവയ്‌ക്കെല്ലാം വില വർധിക്കും. ഇന്ത്യയിൽ നിന്ന് വസ്ത്രങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണ്. ഇത് വസ്ത്ര വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. സമുദ്രോൽപന്ന കയറ്റുമതി വ്യവസായവും പ്രതിസന്ധിയിലാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.