ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും ആശങ്കാ ജനകം: കെസിബിസി ജാഗ്രത കമ്മീഷന്‍

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും  ആശങ്കാ ജനകം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: ഛത്തീസ്ഗഡില്‍ രണ്ട് ക്രൈസ്തവ സന്യാസിനിമാര്‍ അതിക്രമങ്ങള്‍ക്കിരയായതിന് പിന്നാലെ ഒഡീഷയില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘം ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാ ജനകവും അങ്ങേയറ്റം അപലപനീയവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.

ഇരു സംഭവങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജറംഗ്ദള്‍ ആണെന്ന റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണ്. ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്ര നിലപാടുകളുള്ള ചില മത സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി നടന്നു വരുന്ന വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരം അക്രമ സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് നിരവധി അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഇത്തരം സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും കേരളത്തിലും സമീപ ദിവസങ്ങളില്‍ വ്യാപകമായി പ്രകടമാണ്. കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മത സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും അവകാശം നല്‍കുന്നുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നു. ഭയരഹിതമായി ജീവിക്കാനും പൗരന്മാരുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരും നിയമ സംവിധാനങ്ങളും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.