ഒഡീഷയില്‍ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല; അസഹിഷ്ണുത രാജ്യത്ത് വര്‍ധിക്കുന്നു: സിബിസിഐ

ഒഡീഷയില്‍ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല; അസഹിഷ്ണുത രാജ്യത്ത് വര്‍ധിക്കുന്നു: സിബിസിഐ

ന്യൂഡല്‍ഹി: ഒഡീഷയില്‍ കത്തോലിക്ക വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയുണ്ടായ ഹിന്ദുത്വ വാദികളുടെ ആക്രമണത്തെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) അപലപിച്ചു.

ഈ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അസ്വസ്ഥതയുണ്ടാക്കുന്ന അക്രമത്തിന്റെ ഭാഗമാണ്. ഇത് രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും സിബിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ ഭരണഘടന അവകാശങ്ങളുടെയും മാനുഷിക അന്തസിന്റെയും നഗ്‌നമായ ലംഘനമാണ് ഇത്തരം ആക്രമണങ്ങള്‍. വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട അക്രമ പ്രവണത എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

കുറ്റവാളികളെ തിരിച്ചറിഞ്ഞ് പ്രോസിക്യൂട്ട് ചെയ്യുന്നതിനും എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും വേഗത്തിലും നിര്‍ണായകമായും നടപടിയെടുക്കണമെന്ന് സിബിസിഐ ഒഡീഷ സര്‍ക്കാരിനോട് ആഭ്യര്‍ത്ഥിച്ചു.

'ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികാരികളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതുവഴി ഓരോ പൗരനും ഭയമില്ലാതെ ജീവിക്കാനും അവരുടെ വിശ്വാസം ആചരിക്കാനും കഴിയും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് സിബിസിഐ തുടരും.

കൂടാതെ എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവകാശങ്ങളും അന്തസും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയില്‍ ഉറച്ചു നില്‍ക്കും' - ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പിആര്‍ഒ ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ജലേശ്വര്‍ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധര്‍ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും ഒരു മതബോധന അധ്യാപകനെയും മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ബജറംഗ്ദള്‍ ആക്രമിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.