'തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് കാരണം കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകാത്തത്'; ഒഡിഷ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

'തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് കാരണം കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകാത്തത്'; ഒഡിഷ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

പാലാ: ഒഡിഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകാത്തത് കൊണ്ടാണെന്ന് സമിതി വിലയിരുത്തി.

ചരമവാര്‍ഷികത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വൈദികരെയും സിസ്റ്റേഴ്‌സിനെയും തടഞ്ഞ് നിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത് ഒരു മതേതര രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


അതേസമയം ആക്രമിക്കപ്പെട്ട മലയാളി വൈദികനായ ഫാ. ലിജോ നിരപ്പേലിന്റെ വീട് കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി, ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ബ്രയിസ് വെള്ളാരം കാല, സുജിത് മരംങ്കോലി എന്നിവരും സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.