വാഷിങ്ടണ്‍: ഉക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറിന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചര്‍ച്ച നടത്തും. അലാസ്‌കയില്‍വച്ച് ഈ മാസം 15 നാണ് കൂടിക്കാഴ്ച നടത്തുക. യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും ഉക്രെയ്‌നും തമ്മില്‍ കരാര്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ച.
'അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന് അലാസ്‌കയിലെ ഗ്രേറ്റ് സ്റ്റേറ്റില്‍ നടക്കും. ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ച്ചയെ കാണുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.'-ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും കൈവശമുള്ള സ്ഥലങ്ങള്‍ പരസ്പരം കൈമാറുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്.
കൂടിക്കാഴ്ച ഉണ്ടാകുമെന്ന് റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാഷ്ട്രത്തലവന്മാരും ഉക്രെയ്ന്‍ പ്രശ്നത്തില്‍ സമാധാനപരമായ ഒരു ദീര്‍ഘകാല പരിഹാരത്തിലെത്താന്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റഷ്യന്‍ വക്താവ് യുറി ഉഷകോവ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുമായി സംസാരിച്ചു. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി പുടിന്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്താന്‍ പുടിന്‍ ഇതുവരെ തയ്യാറായിട്ടില്ല. വെടിനിര്‍ത്തല്‍ കൊണ്ടുവരാനുള്ള ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ റഷ്യ തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുടിന്‍ യുഎസിലേക്ക് ചര്‍ച്ചയ്ക്കായെത്തുന്നത്. 2021 ന് ശേഷം ആദ്യമായാണ് യു.എസ്-റഷ്യന്‍ പ്രസിഡന്റുമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. അലാസ്‌കയിലെ ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ ചര്‍ച്ചകള്‍ക്കായി ട്രംപിനെ പുടിന്‍ റഷ്യയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
നേരത്തെ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ ഫലം കാണാതെ പോയിരുന്നു.