കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ സാറ എഫ്എക്സിന്റെ കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. വിവിധ അക്കൗണ്ടുകളിലായുള്ള 3.9 കോടി രൂപ മരവിപ്പിച്ചു. സിഇഒ ജംഷീര്‍ താഴെവീട്ടിലിനെതിരേ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് റെയ്ഡ്.
ഇന്ത്യയില്‍ നിന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം സമാഹരിച്ചതിനും നിക്ഷേപകരെ വഞ്ചിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സൈപ്രസില്‍ രജിസ്റ്റര്‍ ചെയ്ത സാറ എഫ്.എക്സ് ഇന്ത്യയില്‍ അനധികൃത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ വലിയ ശൃംഖല ഇതിനായി തീര്‍ത്തിരുന്നു.
ഇത്തരത്തില്‍ സമ്പാദിക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും വിദേശ നാണ്യത്തിലെ ഊഹക്കച്ചവടത്തിലും സ്വന്തം ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. നാലിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍ എന്നിവ കണ്ടെത്തി.