ഡെറാഡൂണ്‍: ഉത്തരകാശിയില്‍ മിന്നല്‍ പ്രളയമുണ്ടായി അഞ്ചാം ദിവസവും കാണാതായ മനുഷ്യരുടെ കൃത്യമായ കണക്കില്ല. ധരാളി ഗ്രാമത്തില്‍ മാത്രം 200 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ആറ് പേര്‍ മാത്രമാണ് മരിച്ചതെന്നും 50 ഓളം പേരെ കണ്ടെത്താനുണ്ടെന്നുമാണ് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ വാദം. കണക്കുകളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തരാഖണ്ഡ് എസ്പി പറയുന്നു. രണ്ട് ദിവസത്തിനിടയില്‍ രണ്ട് മൃതദേഹം മാത്രമാണ് മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്.
400 പേരാണ് ധരാളി ഗ്രാമത്തില്‍ താമസിച്ചിരുന്നത്. സ്ഥിര താമസക്കാരല്ലാതെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും താമസിച്ചവര്‍ വേറെയും. ഗ്രാമത്തിന്റെ പകുതിയും പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. താഴ്‌വാരത്തും മാര്‍ക്കറ്റിന് അടുത്തും താമസിച്ചവരാണ് രക്ഷപ്പെട്ടത്. ദുരന്തബാധിത പ്രദേശത്തുണ്ടായ ആരും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
ധരാളിയില്‍ നിന്നും 247 പേരെ രക്ഷിച്ചെന്നാണ് പ്രളയമേഖല സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞത്. സ്ഥലത്ത് താമസിച്ചിരുന്നവരുടെയും രക്ഷപ്പെടുത്തിയവരുടെയും വിവരം ശേഖരിച്ച് കാണാതായവരുടെ ഏകദേശ പട്ടിക പോലും തയ്യാറാക്കാന്‍ ബിജെപി സര്‍ക്കാരിനായില്ല. ധരാളിയെ കൂടാതെ 12 ഓളം ഗ്രാമങ്ങളെയും പ്രളയ ബാധിച്ചു. ഇവിടങ്ങളിലും വ്യക്തമായ കണക്ക് സര്‍ക്കാരിനില്ല.
ഉത്തരകാശിയിലെ ദുരന്തവ്യാപ്തിയും തീവ്രതയും വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് 2 ശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ ദുരന്തത്തിന് മുമ്പ് ജൂണ്‍ 13 നും ദുരന്തത്തിന് ശേഷം ഓഗസ്റ്റ് ഏഴിനും എടുത്ത ചിത്രങ്ങളാണിവ. അതിതീവ്ര മിന്നല്‍ പ്രളയത്തില്‍ ധരാളി, ഹര്‍സില്‍ ഗ്രാമങ്ങള്‍ തുടച്ചുനീക്കപ്പെട്ടതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തം. മലനിര തന്നെ തകര്‍ന്നു. വീടുകളും മറ്റ് കെട്ടിടങ്ങളും കാണാതായി. നിരവധി പാലങ്ങളും റോഡുകളും ഒഴുകിപ്പോയി. ഖീര്‍ ഗഡ്, ഭാഗീരഥി നദികള്‍ ഗതിമാറിയൊഴുകി. ഇരുനദികളുടേയും സംഗമസ്ഥാനത്ത് 20 ഹെക്ടറിലധികം സ്ഥലത്ത് മണ്ണും ചെളിയും കുന്നുകൂടി. ഹിമാലയന്‍ മേഖലയിലെ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്.
അതേസമയം ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തില്‍ ഗംഗോത്രിയില്‍ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. 28 അംഗ സംഘത്തെ ആകാശ മാര്‍ഗം ഉത്തരകാശിയിലെത്തിക്കുകയായിരുന്നു. ഇതില്‍ 20 പേര്‍ മുംബൈയില്‍ നിന്നും എട്ട് പേര്‍ കൊച്ചിയില്‍ നിന്നും ഉള്ളവരാണ്. ആകെ 335 പേരെയാണ് ഗംഗോത്രിയില്‍ നിന്ന് ആകാശ മാര്‍ഗം പുറത്തെത്തിച്ചത്. ഇതില്‍ 199 പേരെ ഡെറാഡൂണില്‍ എത്തിച്ചു.
ഭയനകമായ കാഴ്ചയാണ് ധരാലിയിലേതെന്ന് രക്ഷപ്പെട്ട മലയാളി സംഘത്തിലുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 30 അടിയോളം ഉയരത്തില്‍ മണ്ണ് മൂടിയിട്ടുണ്ട്. അതിനടിയില്‍ എത്രപേരുണ്ടെന്ന് അറിയില്ല. ആ മണ്‍കൂന കടന്നാണ് തങ്ങള്‍ പുറത്തുവന്നത്. ജീവിതത്തിലെ ഏറ്റവും പേടിച്ച ദിവസമാണ് കടന്നുപോയതെന്നും സംഘത്തിലുള്ളവര്‍ പറയുന്നു.