ഗാസ പിടിച്ചെടുക്കലല്ല, ഹമാസിൽ നിന്ന് സ്വതന്ത്രമാക്കലാണ് ഇസ്രയേലിൻ്റെ ലക്ഷ്യം: ബെഞ്ചമിൻ നെതന്യാഹു

ഗാസ പിടിച്ചെടുക്കലല്ല, ഹമാസിൽ നിന്ന് സ്വതന്ത്രമാക്കലാണ് ഇസ്രയേലിൻ്റെ ലക്ഷ്യം: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസ പിടിച്ചെടുക്കലല്ല ഹമാസിൽ നിന്ന് സ്വതന്ത്രമാക്കലാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേൽ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുയർന്നതോടെയാണ് വിശദീകരണം. ഹമാസിന്റെ നിരായുധീകരണം സമാധാനപരമായ ഭരണകൂട സ്ഥാപനത്തിനും ബന്ദി മോചനത്തിനും സഹായകമാകുമെന്ന് നെതന്യാഹു പറഞ്ഞു.

ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതികൾക്ക് കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയത്. ഇസ്രയേൽ പ്രതിരോധസേന മേധാവി ഇയാൽ സാമിറിന്റെ എതിർപ്പ് പോലും തള്ളിയായിരുന്നു തീരുമാനം. നടപടി ബന്ദി മോചനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തിനകത്തും കൂടുതൽ രക്തചൊരിച്ചിലാകും ഫലമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം.

ഹമാസ് ആയുധം വെച്ച് കീഴടങ്ങിയാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്നാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ പുതിയ ഓപ്പറേഷനുകളില്‍ ഉണ്ടാകാവുന്ന ആള്‍നാശം ഒഴിവാക്കാമെന്നും ഇവർ പറയുന്നു. ഹമാസിനെ ദുർബലപ്പെടുത്തിയെന്ന അവകാശവാദങ്ങള്‍ മുഴക്കുമ്പോള്‍ തന്നെ ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമാക്കുന്ന കാഴ്ചയാണ് ഗാസയില്‍ കാണാന്‍ സാധിക്കുന്നത്. ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പലപ്പോഴും സഹായ കേന്ദ്രങ്ങളും ആശുപത്രികളും അഭയാർഥി കേന്ദ്രങ്ങളുമാണ് തകരുന്നത്. ആയിരങ്ങളാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.

ആയുധങ്ങൾ വെച്ച് കീഴടങ്ങുകയും ബന്ദികളെ നിരുപാധികമായി വിട്ടയയ്ക്കുകയും ചെയ്താല്‍ ഹമാസിന് "നാളെ യുദ്ധം അവസാനിപ്പിക്കാൻ" കഴിയുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി എൻഡിടിവിയോട് പറഞ്ഞു. ഹമാസ് തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കല്‍, ആയിരക്കണക്കിന് പാലസ്തീൻ തടവുകാരുടെ മോചനം, ഇസ്രയേൽ വീണ്ടും ആക്രമണങ്ങള്‍ തുടരില്ലെന്ന അന്താരാഷ്ട്ര ഉറപ്പ് എന്നിങ്ങനെയുള്ള ഉപാധികളാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.