മെൽബൺ: തീവ്ര നിലപാടുകാരായ നീയോ-നാസികൾ മെൽബൺ നഗരമധ്യത്തിൽ ശനിയാഴ്ച അർധരാത്രി നടത്തിയ ഭീതിജനകമായ പ്രതിഷേധ പ്രകടനത്തിൽ അന്വേഷണം ആരംഭിച്ച് പൊലിസ്. ഏകദേശം 100-ഓളം മുഖംമൂടി ധരിച്ച പുരുഷന്മാർ അനുമതിയില്ലാതെ മാർച്ച് നടത്തുകയായിരുന്നു.
അർധരാത്രിക്ക് ശേഷമാണ് ഇവർ ബൂർക്ക് സ്ട്രീറ്റ് മാളിലൂടെ കടന്നുപോയത്. തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ സോഷ്യലിസ്റ്റ് നെറ്റ്‌വർക്കിന്റെ വെള്ള-കറുപ്പ് നിറത്തിലുള്ള ബാനറിനൊപ്പം ഓസ്‌ട്രേലിയൻ പതാകയും വഹിച്ചുകൊണ്ടാണ് നഗര മധ്യത്തിലൂടെ നടന്ന് നീങ്ങിയത്. "വെള്ളക്കാരൻ തിരിച്ചടിക്കുക" എന്നെഴുതിയ ബോർഡും ഉണ്ടായിരുന്നു.
“കറുപ്പ് വസ്ത്രം ധരിച്ച് മുഖംമൂടിയിട്ട ഏകദേശം 100 പേർ മെൽബൺ നഗരത്തിൽ കൂടി മാർച്ച് നടത്തി. പൊതു സുരക്ഷ ഉറപ്പാക്കാൻ പൊലീസ് ഉടൻ എത്തി. സംഘം പൊലീസിന്റെ കണിശമായ നിരീക്ഷണത്തിൽ സിബിഡിയിലൂടെ നടന്ന് ഫ്ലാഗ്‌സ്റ്റാഫ് ഗാർഡൻസിലെത്തി. പുലർച്ചെ 1.25ഓടെ സംഘം പിരിഞ്ഞു.”- വിക്ടോറിയ പോലിസ് വക്താവ് പറഞ്ഞു
”സംഘത്തെ നേരിട്ട ഒരാളെ സംഘം ആക്രമിച്ചു. അയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊതുഭദ്രത ഉറപ്പാക്കാൻ പൊലീസ് ശക്തമായ സാന്നിധ്യം നിലനിർത്തി. പ്രതിഷേധിക്കാൻ ഉള്ള അവകാശം പൊലിസ് മാനിക്കുന്നുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള യഹൂദ വിരുദ്ധത, വർഗീയത, വിദ്വേഷപ്രേരിത പ്രവൃത്തികൾ എന്നിവയ്ക്ക് സമൂഹത്തിൽ സ്ഥലം ഇല്ല. ഇത്തരം പ്രവൃത്തികൾ പൊലിസ് സഹിക്കില്ല.” - വക്താവ് പറഞ്ഞു.
വിക്ടോറിയ പ്രീമിയർ ജസിന്ത അലൻ സംഘത്തെ ശക്തമായി വിമർശിക്കുകയും കടുത്ത നിയമങ്ങൾ കൊണ്ടുവരുമെന്നും ഉറപ്പ് നൽകുകയും ചെയ്തു.“നാസികൾക്ക് ഈ രാജ്യത്ത് സ്ഥലം ഇല്ല. അതുകൊണ്ടാണ് അവർ മുഖംമൂടിയിട്ട് ഇരുട്ടിൽ ഒളിക്കുന്നത്.” അവർ പറഞ്ഞു.
“പൊതു സുരക്ഷ ഉറപ്പാക്കുന്ന പൊലീസിന് നന്ദി. പൊലീസിന് കൂടുതൽ അധികാരം നൽകുകയാണ്. അടുത്ത മാസം നമ്മുടെ ക്രിമിനൽ ആന്റി-വിലിഫിക്കേഷൻ നിയമം പ്രാബല്യത്തിൽ വരും. അതിനു പിന്നാലെ പ്രതിഷേധങ്ങളിൽ മുഖംമൂടി ധരിക്കുന്നവരെ തിരിച്ചറിയാൻ പൊലീസിന് അധികാരം നൽകും. ഇത്തരം ഗുണ്ടാക്കളെ ഞങ്ങൾ ഭയക്കുന്നില്ല, സഹിക്കാനുമില്ല.”വിക്ടോറിയ പ്രീമിയർ കൂട്ടിച്ചേർത്തു
അതേസമയം നഗരത്തിനു പുറത്തുള്ള മൂറാബൂൽ പ്രദേശത്ത് ഓഗസ്റ്റ് 9-10 തീയതികളിൽ നടക്കുന്ന മറ്റൊരു പരിപാടി പൊലിസ് നിരീക്ഷിക്കുകയാണ്.