കീവ്: അധിനിവേശക്കാർക്ക് ഉക്രെയ്ൻ ഭൂമി വിട്ടുകൊടുക്കില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ഉക്രെയ്ൻ യുദ്ധത്തിൽ സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉക്രെയ്ൻ പ്രസിഡൻ്റിൻ്റെ പ്രതികരണം
ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു അന്തിമ കരാറുണ്ടാക്കുമെന്നും ഇതിൽ പ്രവിശ്യ കൈമാറ്റം ഉൾപ്പെട്ടേക്കാമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രവിശ്യകൾ കൈമാറില്ലെന്ന് വ്യക്തമാക്കി വൊളോഡിമർ സെലൻസ്‌കി രംഗത്തെത്തിയത്.
സമാധാനം കൊണ്ടുവരാൻ കഴിയുന്ന യഥാർഥ പരിഹാരങ്ങൾക്ക് കീവ് തയ്യാറാണ്. എന്നാൽ ഉക്രെയ്ൻ ഇല്ലാത്ത ഏതൊരു പരിഹാരവും സമാധാനത്തിന് എതിരായിരിക്കും. അതുകൊണ്ട് അവർക്ക് ഒന്നും നേടാനാവില്ല. ഉക്രെയ്ൻ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നും സെലെൻസ്കി പറഞ്ഞു.
നാല് ഉക്രെയ്ൻ പ്രവിശ്യകളാണ് പുടിൻ ആവശ്യപ്പെട്ടതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സപോറീഷ്യ, ഖേഴ്സൻ എന്നിവയ്ക്ക് പുറമേ 2014ൽ പിടിച്ചെടുത്ത ക്രിമിയയും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.