മൊസാംബിക്കില്‍ ആറ് ക്രൈസ്തവരെ ഐ.എസ് ഭീകരര്‍ തലയറുത്ത് കൊലപ്പെടുത്തി; ചിത്രങ്ങള്‍ പുറത്തു വിട്ടു

മൊസാംബിക്കില്‍ ആറ് ക്രൈസ്തവരെ ഐ.എസ് ഭീകരര്‍ തലയറുത്ത് കൊലപ്പെടുത്തി; ചിത്രങ്ങള്‍ പുറത്തു വിട്ടു

കാബോ ഡെല്‍ഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആറ് ക്രൈസ്തവരെ തലയറുത്ത്  കൊലപ്പെടുത്തി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ഭീകരര്‍ തീവച്ചു നശിപ്പിച്ചു.

മൊസാംബിക്കിലെ വടക്കന്‍ കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലെ ചിയുരെ ജില്ലയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ 20 ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രവിശ്യ പുറത്തുവിട്ടു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (എംഇഎംആര്‍ഐ) ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിയൂര്‍ ജില്ലയിലെ നാല് ഗ്രാമങ്ങളിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രോവിന്‍സ് (ഐഎസ് സിഎപി) ആണ് ആക്രമണം നടത്തിയത്. ക്രൈസ്തവര്‍ക്കെതിരേ നടന്നത് നിശബ്ദ വംശഹത്യയാണെന്ന് സംഘടന വിശേഷിപ്പിച്ചു.


ഐ.എസ് ഭീകരര്‍ ഗ്രാമങ്ങള്‍ കൊള്ളയടിക്കുന്നതും പള്ളിയും വീടുകളും കത്തിക്കുന്നതും പുറത്തു വന്ന ചിത്രങ്ങളില്‍ ദൃശ്യമാണ്. ജിഹാദികള്‍ ക്രൈസ്തവ വിശ്വാസികളുടെ തലയറുത്ത്   കൊല്ലുന്നതും നിരവധി അംഗങ്ങളുടെ മൃതദേഹങ്ങളും ചിത്രങ്ങളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി മൊസാംബിക്കില്‍ ഐ.എസ് ഭീകരരുടെ ആക്രമണം പതിവാണ്. ജുലൈയില്‍ കോംഗോയില്‍ ഐ.എസ് ഭീകരര്‍ കത്തോലിക്ക പള്ളിയില്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്.

ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കന്‍ മൊസാംബിക്കിലെ മെത്രാന്‍മാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.