അങ്കാര: ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിൻ്റെ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് തുർക്കി. വംശഹത്യയുടെ പുതിയ ഘട്ടത്തിലേക്കാണ് ഇസ്രയേൽ കടക്കുന്നതെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു.
ഗാസയിൽ പട്ടിണി വിതച്ച് സ്ഥിരമായി പിടിച്ചെടുക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ എതിർപ്പ് അറിയിക്കണമെന്നും ഹകാൻ ഫിദാൻ ഈജിപ്റ്റില്‍ നടന്ന ചർച്ചകൾക്ക് ശേഷം പറഞ്ഞു. ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ അടിയന്തര യോഗം വിളിച്ചതായും തുർക്കി വിദേശകാര്യമന്ത്രി അറിയിച്ചു. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രധാനമന്ത്രി ബദർ അബ്ദലട്ടിക്കൊപ്പം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫിദാൻ.
എന്നാല്‍ ഗാസ പിടിച്ചെടുക്കലല്ല മറിച്ച് ഹമാസിൽ നിന്ന് സ്വതന്ത്രമാക്കലാണ് ലക്ഷ്യമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേൽ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുയർന്നതോടെയായിരുന്നു വിശദീകരണം. ഹമാസിന്റെ നിരായുധീകരണം സമാധാനപരമായ ഭരണകൂട സ്ഥാപനത്തിനും ബന്ദി മോചനത്തിനും സഹായകമാകുമെന്ന് നെതന്യാഹു പറഞ്ഞു.
ഗാസാ സിറ്റി ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതികൾക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയത്. ഇസ്രയേൽ പ്രതിരോധസേന മേധാവി ഇയാൽ സാമിറിന്റെ എതിർപ്പ് പോലും തള്ളിയായിരുന്നു തീരുമാനം. നടപടി ബന്ദി മോചനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലില്‍ പ്രതിഷേധം ശക്തമാകുകയാണ്.