ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമേക്കേടുകള്‍ നടന്നതായുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉപയോഗിച്ച രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലെന്നാണ് നോട്ടീസില്‍ കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധി കാണിച്ച രേഖകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളില്‍ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പോളിങ് ഓഫീസര്‍ നല്‍കിയ രേഖകള്‍ പ്രകാരം ശകുന്‍ റാണി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ പറയുകയുണ്ടായി. അന്വേഷണത്തില്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് ശകുന്‍ റാണി വ്യക്തമാക്കിയത്. രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസര്‍ നല്‍കിയ രേഖയല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിനാല്‍ ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സാധിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 40 അംഗ സംഘം നടത്തിയ അന്വേഷണത്തിലും വിശകലനത്തിലും വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍, വോട്ടര്‍മാരുടെ വ്യാജ വിലാസങ്ങള്‍, വ്യാജ ചിത്രങ്ങള്‍, സംശയാസ്പദമായ ഫോം 6 അപേക്ഷകള്‍ എന്നിവ കണ്ടെത്തിയതായി രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും അതുകൊണ്ടാണ് അവര്‍ മെഷീന്‍ റീഡബിള്‍ ഡാറ്റ നല്‍കാത്തതെന്നും അദേഹം വിമര്‍ശിച്ചിരുന്നു.