ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡിയെന്ന് തേജസ്വി യാദവ്; നീക്കാന്‍ അപേക്ഷിച്ചിരുന്നുവെന്ന് മറുപടി

 ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡിയെന്ന് തേജസ്വി യാദവ്; നീക്കാന്‍ അപേക്ഷിച്ചിരുന്നുവെന്ന് മറുപടി

പാട്ന: ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തേജസ്വി യാദവിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിനെതിരെ ആരോപണവുമായി തേജസ്വി യാദവ് രംഗത്ത് വന്നത്.

അതേസമയം മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലുള്ള തന്റെ പേര് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നതാണെന്നാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ്കുമാര്‍ സിന്‍ഹ ആരോപണത്തിനോട് പ്രതികരിച്ചത്. തേജസ്വി യാദവ് വ്യാജ വിവരങ്ങള്‍ ഉന്നയിച്ച് ആളുകളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വിജയ്കുമാര്‍ കുറ്റപ്പെടുത്തി.

ഞായറാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് വിജയ്കുമാര്‍ സിന്‍ഹയ്ക്ക് രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന് തേജസ്വി യാദവ് ആരോപിച്ചത്. രണ്ട് മണ്ഡലങ്ങളിലായാണ് വിജയ് കുമാര്‍ സിന്‍ഹയുടെ പേരുള്ളതെന്നും അതില്‍ രണ്ടിലും അദേഹത്തിന്റെ പ്രായം വ്യത്യസ്തമാണെന്നും തേജസ്വി പറഞ്ഞു. ബാങ്കിപുര്‍ മണ്ഡലത്തിലെ പട്ടികയില്‍ അദേഹത്തിന് 60 വയസും ലക്ഷിസരായ് മണ്ഡലത്തിലെ പട്ടികയില്‍ 57 ഉം ആണ് പ്രായം കാണിക്കുന്നതെന്നും തേജസ്വി യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നുകില്‍ രണ്ട് വോട്ടര്‍ ഐഡിക്കുമുള്ള രേഖകളില്‍ അദേഹം ഒപ്പിട്ടിട്ടുണ്ട്. അല്ലെങ്കില്‍ ബിഹാറില്‍ ഇപ്പോള്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഒരു തട്ടിപ്പ് പരിപാടിയാണെന്നും തേജസ്വി ആരോപിച്ചു.

ബിഹാറില്‍ അനര്‍ഹരായ വോട്ടര്‍മാരെ കണ്ടെത്തി ഒഴിവാക്കാനായാണ് തീവ്ര പരിശോധന നടത്തുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നത്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനെ തോല്‍പ്പിക്കാന്‍ വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ബിഹാറിലെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.

തന്റെ പേരുപോലും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞ് തേജസ്വി യാദവ് രംഗത്ത് വന്നിരുന്നു. ഇതിനായി ഉയര്‍ത്തിക്കാട്ടിയ വോട്ടര്‍ ഐഡി കാര്‍ഡ് തങ്ങള്‍ അനുവദിച്ചതല്ലെന്നും വിശദാംശങ്ങള്‍ നല്‍കണമെന്നും കാട്ടി തേജസ്വിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസും അയച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.