ന്യൂഡല്‍ഹി: തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ നോട്ടീസ് കാണിച്ച് പേടിപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിചാരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ജനാധിപത്യം കൊല ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും ഇതിന് കൂട്ട് നില്‍ക്കുന്ന ഇലക്ഷന്‍ കമ്മിഷന്‍ ഉദ്യോഗസ്ഥന്‍മാരെ എന്ത് ചെയ്യണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഡി.കെ ശിവകുമാര്‍ കര്‍ണാടക ഇലക്ഷന്‍ കമ്മിഷനെ കണ്ട് പ്രധാനപ്പെട്ട തെളിവുകള്‍ കൈമാറിയതാണ്. അവര്‍ക്ക് അന്വേഷിക്കാന്‍ ഏജന്‍സികളില്ലേ, കോണ്‍ഗ്രസാണോ തെളിവുകള്‍ നല്‍കേണ്ടത്. ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും തിങ്കളാഴ്ച ഇന്ത്യ സഖ്യത്തിലെ എല്ലാ എംപിമാരും തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദേഹം പറഞ്ഞു.
ബിജെപിക്ക് വേണ്ടി ഏജന്റ് പണിയെടുക്കുകയാണോ ഇലക്ഷന്‍ കമ്മിഷന്‍ ചെയ്യേണ്ടത്. എന്തുകൊണ്ടാണ് അവര്‍ ഇലക്ട്രോണിക് വോട്ടര്‍ ലിസ്റ്റ് നല്‍കാത്തത്. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ എന്തിനാണ് തീരുമാനം എടുത്തത്. ഈ രണ്ട് ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി കമ്മിഷന്‍ നല്‍കണം. ബിജെപി കമ്മിഷനെ പിന്തുണയ്ക്കുമെന്നും അവരിലൊരാള്‍ പ്രധാനമന്ത്രിയായത് ഇങ്ങനെയല്ലേയെന്നും അദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ പക്കല്‍ വ്യക്തമായ രേഖകളുണ്ട്. ചോദ്യം ചോദിച്ച കോണ്‍ഗ്രസിനെതിരെയാണ് നടപടിയെടുക്കുന്നതില്‍ എടുക്കട്ടെ. എത്ര വലിയ സ്വര്‍ണ പാത്രം കൊണ്ടുവന്നാലും സത്യം മൂടിവെയ്ക്കാന്‍ കഴിയില്ല. വോട്ടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടുന്നതിന് ജനപിന്തുണക്കായി രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമാകാന്‍ ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷം പേരാണ് വിളിച്ചത്.
പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന ഫോമാണ് ഫോം-6. ഫോം-6 ഉപയോഗിച്ച് 70 വയസ് കഴിഞ്ഞ ശകുന്‍ റാണിയുടെ പേര് രണ്ടിടത്ത് ചേര്‍ത്തു. ബൂത്ത് ലെവല്‍ ഓഫീസര്‍ ടിക്ക് ചെയ്ത സ്ലിപ്പ് പ്രകാരം ഇവര്‍ രണ്ടിടത്തും വോട്ട് ചെയ്തിട്ടുണ്ട്. ഇവരാണോ ഈ വോട്ട് ചെയ്തതെന്ന് അറിയില്ലെന്നും മറ്റാരെങ്കിലും ശകുന്‍ റാണിയുടെ പേരില്‍ വോട്ട് ചെയ്തതാണോയെന്ന് നിശ്ചയമില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടിയിരുന്നു.
ഇലക്ഷന്‍ കമ്മിഷന്‍ പറയുന്നത് ശകുന്‍ റാണി നിഷേധിച്ചുവെന്നാണ്. ശകുന്‍ റാണിയുടെ പേരില്‍ മറ്റാരെങ്കിലും വോട്ട് ചെയ്തതാവാം. കോണ്‍ഗ്രസ് ഇത്രയും വിസ്‌ഫോടനകരമായ ഒരു കാര്യം ഉന്നയിച്ചിട്ട് അതിനൊന്നും മറുപടി പറയാതെ രാഹുല്‍ ഗാന്ധി തെളിവ് ഹാജരാക്കണമെന്ന് ചൂണ്ടികാട്ടി കത്തയച്ചിരിക്കുകയാണ്. ഇത് ബാലിശമാണെന്നും ഇലക്ഷന്‍ കമ്മിഷന്‍ ഇന്ത്യയില്‍ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്നത് വെളിച്ചത്തുവന്നെന്നും അദേഹം വ്യക്തമാക്കി.