സനാ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരോ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഓഫിസില്‍ നിന്നോ മധ്യസ്ഥതയ്ക്കായ് തങ്ങളെ സമീപിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. യാതൊരു തരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നും അദേഹം ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ആവര്‍ത്തിച്ചു.
മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ല. ഞങ്ങള്‍ ആരേയും ഭയപ്പെടുന്നില്ല. ഇത് ഞങ്ങളുടെ രക്തമാണ്, ഞങ്ങളുടെ അവകാശവും. പ്രകോപനത്തിനും സത്യത്തെ വളച്ചൊടിക്കുന്നതിനും ഇടമില്ലെന്നും ഫത്താഹ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. മലയാള പത്രങ്ങളില്‍ വാര്‍ത്താ വാര്‍ത്താ കട്ടിങ്ങുകളടക്കം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്.
നിമിഷ പ്രിയയുടെ വധ ശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ തിയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ ഫത്താഹ് മഹ്ദി കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറലിനെ കണ്ടിരുന്നു.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചിലര്‍ ക്രെഡിറ്റെടുക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് ക്രെഡിറ്റ് വേണ്ടെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.
വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ചത്. ദയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കുടുംബം.
സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അവകാശപ്പെട്ടത്. വധശിക്ഷ നീട്ടിവെച്ച ഔദ്യോഗിക വിധിപ്പകര്‍പ്പ് ഫെയ്‌സ് ബുക്കില്‍ അദേഹം പങ്ക് വെക്കുകയും ചെയ്തിരുന്നു.