'എം.വി ഗോവിന്ദന്റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം': മാര്‍ ജോസഫ് പാംപ്ലാനിക്കെതിരായ പ്രസ്താവനയില്‍ തലശേരി അതിരൂപത

'എം.വി ഗോവിന്ദന്റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം': മാര്‍ ജോസഫ് പാംപ്ലാനിക്കെതിരായ പ്രസ്താവനയില്‍ തലശേരി അതിരൂപത

തലശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി തലശേരി അതിരൂപത. മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്നായിരുന്നു രൂപതയുടെ വിമര്‍ശനം. എകെജി സെന്ററില്‍ നിന്നും തീട്ടൂരം വാങ്ങിയതിന് ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്തുവാന്‍ പാടുള്ളൂ എന്ന സമീപനം ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണിതെന്നും തലശേരി അതിരൂപത വ്യക്തമാക്കി.

ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മാര്‍ ജോസഫ് പാംപ്ലാനി നിലപാടുകളില്‍ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിന്റെ ആവശ്യം മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതില്‍ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല.

മറിച്ച് വര്‍ഗീയ ധ്രൂവികരണം ഒഴിവാക്കാനുള്ള സുചിന്തിതമായ നിലപാടാണ് അദേഹം സ്വീകരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് മാര്‍ ജോസഫ് പാംപ്ലാനി. സിപിഎം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് അതിരൂപത പ്രഖ്യാപിച്ചു.

യുവജന സംഘടനയുടെ ചില നേതാക്കള്‍ വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി നടത്തിയ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് തന്നെ ഇതിന് കുടപിടിക്കുന്നത് തികച്ചും അപലപനീയമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാര്‍ട്ടി സെക്രട്ടറി തന്നെയാണെന്ന് അദേഹത്തിന്റെ പ്രസ്താവനകളെ നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാവും. ഏതെങ്കിലും പ്രസ്താവനയില്‍ ഒരാഴ്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം എം.വി ഗോവിന്ദന് ഇല്ലായെന്നതിന് മലയാളികള്‍ സാക്ഷികളാണ്.

സ്വന്തം പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിയെ തന്നെയും വെട്ടിലാക്കുന്ന എത്രയോ പ്രസ്താവനകള്‍ ഇദേഹത്തിന്റെ അവസരവാദത്തിന് സാക്ഷ്യങ്ങളായി മലയാളികള്‍ക്ക് മുമ്പിലുണ്ട്. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്വര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് മാര്‍ ജോസഫ് പാംപ്ലാനി പ്രശംസിച്ചിരുന്നു. ഇതിനെയാണോ ഗോവിന്ദന്‍ മാഷ് അവസരവാദമായി ചിത്രീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ദേശീയ നേതൃതങ്ങള്‍ നടത്തിയ ഇടപെടലിനെയും അദേഹം പ്രശംസിച്ചിരുന്നു. പ്രത്യേകിച്ച് ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലിനെയും പ്രശംസിച്ചിരുന്നു.

ഇതൊക്കെ അവസരവാദപരം ആണെന്നാണോ ഗോവിന്ദന്‍ മാഷ് ഉദേശിക്കുന്നത്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്തുവാനുള്ള അളവുകോലായി ഉപയോഗിക്കരുതെന്നും അതിരൂപത വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.