'ഗോവിന്ദന്‍ മാഷ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്': സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ്

'ഗോവിന്ദന്‍ മാഷ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്': സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ്

കണ്ണൂര്‍: ഛത്തീസ്ഗഡിലെ മലയാളി ക്രൈസ്തവ സന്യാസിനിമാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ്.

കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ മറക്കരുത്. ഗോവിന്ദന്‍ മാഷ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്. പ്രസ്താവന തിരുത്തണോയെന്ന് അദേഹം തീരുമാനിക്കട്ടെ. മൂന്നാം പിണറായി സര്‍ക്കാര്‍ വരണോയെന്ന് അവര്‍ ആലോചിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു.

തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എം.വി ഗോവിന്ദന്‍ ഉന്നയിച്ചത്. ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്ന് പറഞ്ഞ ഗോവിന്ദന്‍ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ ബിജെപിക്കെതിരെ പറഞ്ഞ പാംപ്ലാനി ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷായെ സ്തുതിച്ചെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഇതിനെതിരായാണ് കത്തോലിക്ക കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഫാസിസ്റ്റ് ശക്തികളോട് ഉപമിച്ചുകൊണ്ട് ഗോവിന്ദന്റെ പരാമര്‍ശങ്ങളെ തലശേരി അതിരൂപതയും കുറ്റപ്പെടുത്തി.

ഗോവിന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് അവസരവാദിയെന്ന വിശേഷണത്തിന് യോജിച്ചവന്‍. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോല്‍ ആക്കരുത്. അദേഹത്തിന്റെ പെരുമാറ്റം സ്വന്തം പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും തലശേരി അതിരൂപത ചൂണ്ടിക്കാണിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.