സുരേഷ് ഗോപിയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചു; തൃശൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം: പൊലീസ് ലാത്തി വീശി

സുരേഷ് ഗോപിയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചു; തൃശൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം: പൊലീസ് ലാത്തി വീശി

സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണെന്ന് സിപിഎം.

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലും മലയാളി ക്രൈസ്തവ സന്യാസിനികളുടെ അറസ്റ്റ് വിവാദത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ സിപിഎമ്മിന്റെ പ്രതിഷേധം.

സുരേഷ് ഗോപി രാജി വയ്ക്കണമെന്ന ആവശ്യവുമായി ചേരൂരിലെ ഓഫീസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ബോര്‍ഡിന് നേരെ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. ഇതിന് മറുപടിയായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി.

ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടന്നാണ് സിപിഎം പ്രവര്‍ത്തകന്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്. ബോര്‍ഡില്‍ ചെരുപ്പ് മാല അണിയിക്കാനുള്ള ശ്രമം തടഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ജീപ്പില്‍ നിന്ന് സിപിഎം നേതാക്കള്‍ ഇയാളെ ഇറക്കിക്കൊണ്ട് പോയി.

ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയുന്നതിനിടെ പൊലീസുമായി നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ സെബാസ്റ്റ്യന് പരിക്കേറ്റു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ലെന്നും കട്ടതാണെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചു. ജനാധിപത്യത്തിലെ കറുത്ത പുള്ളിയായി സുരേഷ് ഗോപി മാറിയെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

സിപിഎം നടപടിയെ അപലപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നു. മന്ത്രിയുടെ ഓഫീസിന് നേരെ ഉണ്ടായ സംഭവം ജനാധിപത്യ വിരുദ്ധമാണെന്നും സുരേഷ് ഗോപിക്കെതിരെ വ്യാജ പ്രചാരണം നടക്കുകയാണെന്നും അദേഹം ആരോപിച്ചു. സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.