തൃശൂര്‍: തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തും. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും മന്ത്രി സന്ദര്‍ശിക്കും.
കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5:15 ന് വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി ഒന്‍പതരയോടെ തൃശൂരില്‍ എത്തും. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ പ്രധാന എന്‍ട്രന്‍സ് ഒഴിവാക്കിയാണ് അകത്ത് കയറിയത്.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കത്തയയ്ക്കല്‍ സമരം നടത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും രംഗത്തുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാര്‍ച്ച് നടത്താനാണ് തീരുമാനം.