ഗോഡ്സെയുടെ പിന്‍ഗാമികളില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍; സംരക്ഷണം വേണമെന്നും ആവശ്യം

ഗോഡ്സെയുടെ പിന്‍ഗാമികളില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍; സംരക്ഷണം വേണമെന്നും ആവശ്യം

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍  ഗാന്ധി ഘാതകനായ   നാഥുറാം   ഗോഡ്സെയുടെ പിന്‍ഗാമികളില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി കോടതിയില്‍.

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പരാതിക്കാരനെ ചൂണ്ടിക്കാട്ടി പുനെ കോടതിയിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.

സുരക്ഷയെയും കേസിലെ നടപടികളുടെ നിഷ്പക്ഷതയെയും സംബന്ധിച്ച് തനിക്കുള്ള ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തി അപകീര്‍ത്തിക്കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കി. കാര്യങ്ങള്‍ ജുഡീഷ്യലായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി ഭരണകൂടത്തിന്റെ സംരക്ഷണവും തേടി.

അഭിഭാഷകന്‍ മിലിന്ദ് ദത്താത്രയ പവാര്‍ മുഖേനയാണ് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരന്‍ സത്യകി സവര്‍ക്കര്‍ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ നേരിട്ടുള്ള പിന്‍ഗാമിയാണെന്ന് ഗാന്ധി പറഞ്ഞു.

പരാതിക്കാരന്റെ കുടുംബ പരമ്പരയ്ക്ക് അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടെന്നും അദേഹം ആരോപിച്ചു.

മഹാത്മാ ഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയ ശാസ്ത്രത്തില്‍ വേരൂന്നിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വമായ അക്രമമാണ് നടന്നതെന്നും രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നു.

വോട്ട് കവര്‍ച്ച ആരോപണമടക്കം തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും നടപടികളും രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ശത്രുതയ്ക്ക് കാരണമായെന്നും രാഹുല്‍ വിശദീകരിച്ചു.

ഓഗസ്റ്റ് 11 ന് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ''വോട്ട് ചോര്‍ സര്‍ക്കാര്‍'' എന്ന മുദ്രാവാക്യവും തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചതും ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിയുടെ സമീപകാല രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ഈ നടപടികള്‍ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ശത്രുതയ്ക്ക് കാരണമായെന്ന അദേഹത്തിന്റെ അവകാശവാദത്തെക്കുറിച്ചും ഹര്‍ജിയില്‍ വിശദീകരിക്കുന്നുണ്ട്.

ബിജെപി നേതാക്കളില്‍ നിന്ന് തനിക്ക് രണ്ട് പരസ്യ ഭീഷണികള്‍ ലഭിച്ചുവെന്ന് അദേഹം പറഞ്ഞു. തന്നെ 'രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദി' എന്ന് വിളിച്ച കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവില്‍ നിന്നും, ബിജെപി നേതാവായ തര്‍വീന്ദര്‍ സിങ് മര്‍വയില്‍ നിന്നും ഭീഷണിയുണ്ടായെന്ന് രാഹുല്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.