ഡൗൺപാട്രിക്: അയർലണ്ടില്‍ കത്തോലിക്കാ വൈദികന് നേരെ ആക്രമണം. വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണിലെ ഡൗൺപാട്രിക് സെന്റ് പാട്രിക് ദേവാലയത്തിലെ വികാരിയായ ഫാ. കാനൻ ജോൺ മുറെയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ദേവാലയത്തിൽ അതിക്രമിച്ച് കയറിയ പ്രതി വിശുദ്ധ കുർബാനയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വൈദികനെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വൈദികൻ ആശുപത്രിയിൽ ചികിത്സയിലാണ്.
77 വയസുള്ള ഇടവക വികാരിയുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വൈദികന് നേരെ നടന്ന ആക്രമണം വളരെയധികം അസ്വസ്ഥതയും ദുഖവും ഉളവാക്കുകന്നതാണെന്ന് ഡൗൺ ആൻഡ് കോണർ രൂപത വക്താവ് ഫാ. എഡ്ഡി മക്ഗീ പറഞ്ഞു
ആക്രമണം ഡൗൺപാട്രികിലെ വിശ്വാസി സമൂഹത്തെ വളരെയധികം അസ്വസ്ഥരാക്കിയതായി ബിഷപ്പ് അലൻ മക്ഗക്കിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം വൈദികനും ദുഖിതരായ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ നൂറുകണക്കിന് ആളുകൾ ദേവാലയത്തില്‍ ഒത്തുകൂടിയിരിന്നു.