ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കണം. ഒഴിവാക്കപ്പെട്ടവരെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണവും വ്യക്തമാക്കണം.
ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പുനപരിശോധനയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി. പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ഇതിനായി മൂന്ന് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെയാണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയത്. ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
കരട് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്താനും പേരുവിവരങ്ങള്‍ ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദേശമുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ബൂത്ത് തിരിച്ച് പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും അവരെ ഉള്‍പ്പെടുത്താത്തതിന്റെ കാരണവും പട്ടികയില്‍ പ്രദര്‍ശിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടികളും ചില സന്നദ്ധ സംഘടനകളുമടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ കമ്മിഷന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു. കൂടുതല്‍ വാദം കേള്‍ക്കാന്‍ ഹര്‍ജി ഓഗസ്റ്റ് 22 ലേക്ക് മാറ്റി.