ടൊറന്റോ: ഇസ്രയേലില്‍ കടന്നു കയറി 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ നരഹത്യ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ടിഫ്) പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചില്ല.
ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ടിഫ് സെന്‍സര്‍ഷിപ്പ് നടപ്പാക്കുകയാണെന്നും അവര്‍ ആരോപിച്ചു. സംഘാടകരുടെ തീരുമാനത്തെ ഭീരുത്വമെന്ന് സംവിധായകന്‍ വിശേഷിപ്പിച്ചു. 'തീവ്രവാദികളുടെ ഒരു ചെറിയ കൂട്ട'മാണ് ചലച്ചിത്ര പ്രേമികള്‍ എന്ത് കാണുന്നതെന്ന് തീരുമാനിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് പുറത്തുവിട്ട ഫൂട്ടേജുകളുടെ പകര്‍പ്പാവകാശം അണിയറ പ്രവര്‍ത്തകര്‍ നിയമപരമായി സ്വന്തമാക്കിയില്ലെന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കനേഡിയന്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ ബാരി അവ്രിച്ചിച്ചാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. 'ദി റോഡ് ബിറ്റ്വീന്‍ അസ്: ദി അള്‍ട്ടിമേറ്റ് റെസ്‌ക്യൂ'' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിരമിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ്(ഐഡിഎഫ്) മേജര്‍ ജനറല്‍ നോം ടിബോണിന്റെ അനുഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.
ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് അതിസാഹസികമായി തന്റെ കുടുംബത്തെ രക്ഷിക്കുന്ന സംഭവമാണ് ഡോക്യുമെന്ററിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ആവശ്യപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ 'ടിഫി'ലേക്കുള്ള ക്ഷണം പിന്‍വലിച്ചതായി സംഘാടകര്‍ പറഞ്ഞു. നിയമപരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് മേളയെ സംരക്ഷിക്കുന്നതിനും വൈകാരികമായ വിഷയത്തെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിമ്പോള്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും പരിഗണിച്ചാണ് ഡോക്യുമെന്ററി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലികളും വിദേശികളുമായി 1200 ലധികം പേരെയാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഹമാസ് വധിച്ചത്. 250 ഓളം പേരെ തട്ടിക്കൊണ്ടുപോയി. ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധ മതഗ്രന്ഥ പാരായണ ആഘോഷമായ 'സിംകറ്റ് തോറ'യോട് അനുബന്ധിച്ച് ഇസ്രയേലില്‍ പൊതു അവധിയായിരുന്നു. ഈ അവസരത്തിലായിരുന്നു ഹമാസിന്റെ ആക്രമണം.