ന്യൂഡല്‍ഹി: ദൈനംദിനാവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ജിഎസ്ടി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടുത്ത ദീപാവലിയോടെ ജിഎസ്ടി പരിഷ്‌കരിക്കുമെന്നും വില കുറയന്നതോടെ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകും. എല്ലാ മേഖലയിലും രാജ്യം മുന്നേറുകയാണ്. ലോക വിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി. രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഒരു ലക്ഷം കോടിയുടെ പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വരും. വികസിത് ഭാരത് റോസ്ഗാര്‍ യോജനയുടെ ഭാഗമായി 3.5 കോടി യുവജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിക്കുന്ന യുവജനങ്ങള്‍ക്ക് ഒറ്റവത്തവണയായി 15,00 രൂപ ലഭിക്കും.
ലോകം നമ്മുടെ പുരോഗതി ശ്രദ്ധിക്കുന്നുവെന്നും മോഡി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ നമ്മുടെ സ്വന്തം പാത രൂപപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ വേണമെന്നും വിദേശ പ്ലാറ്റ് ഫോമുകളെ ആശ്രയിക്കുന്നത് എന്തിനെന്നും പ്രധാനമന്ത്രി ചോദിച്ചു. മുദ്ര പദ്ധതി നമ്മുടെ പെണ്‍മക്കള്‍ക്ക് പ്രയോജനം ചെയ്യുന്നുവെന്നും വനിതാ സ്വയം സഹായ സംഘങ്ങള്‍ ഒരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. നൂതന ആശയങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കുകയാണ്. അതിനായി യുവാക്കള്‍ മുന്‍കൈയെടുക്കണം. ഇന്ത്യയെ തടയാന്‍ കഴിയില്ല. ഒരു നിമിഷം പോലും പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വപ്നം കാണാനുള്ള സമയമാണിത്. താന്‍ വ്യക്തിപരമായി യുവാക്കളോടൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.