ജമ്മു കാശ്മീരിലെ കത്വയില്‍ മേഘ വിസ്ഫോടനം: ഏഴ് മരണം, രക്ഷാ പ്രവര്‍ത്തനം തുടരുന്നു; ഹിമാചലില്‍ വീണ്ടും മിന്നല്‍ പ്രളയം

ജമ്മു കാശ്മീരിലെ കത്വയില്‍ മേഘ വിസ്ഫോടനം: ഏഴ് മരണം, രക്ഷാ പ്രവര്‍ത്തനം തുടരുന്നു; ഹിമാചലില്‍ വീണ്ടും മിന്നല്‍ പ്രളയം

ജമ്മു: ജമ്മു കാശ്മീരിലെ കത്വ ജില്ലയിലുണ്ടായ മേഘ വിസ്ഫോടനത്തില്‍ ഏഴ് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. എന്നാണ് വിവരം. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തില്‍ ശനിയാഴ്ച അര്‍ധ രാത്രിയാണ് അപകടമുണ്ടായത്.

പോലീസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

കത്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഗാര്‍ഡ്, ചാങ്ദ ഗ്രാമങ്ങളിലും ലഖന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദില്‍വാന്‍-ഹത്‌ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

അതിനിടെ ഹിമാചല്‍ പ്രദേശില്‍ വീണ്ടും മിന്നല്‍ പ്രളയമുണ്ടായി. മണ്ഡി ജില്ലയില്‍ ഇന്നുണ്ടായ ഒന്നിലധികം മിന്നല്‍ പ്രളയങ്ങളില്‍ ചണ്ഡീഗഡ്-മണാലി ദേശീയ പാതയിലെ മണ്ഡി-കുളു പാതയില്‍ ഗതാഗതം തടസപ്പെട്ടു. പനാര്‍സ, ടക്കോളി, നാഗ്വെയ്ന്‍ എന്നിവിടങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് മണ്ഡി എഎസ്പി സച്ചിന്‍ ഹിരേമത്ത് അറിയിച്ചു. ഹിമാചല്‍ പ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്തുടനീളമുള്ള കനത്ത മഴയില്‍ 374 റോഡുകളും, 524 വൈദ്യുതി വിതരണ ട്രാന്‍സ്ഫോര്‍മറുകളും, 145 കുടിവെള്ള പദ്ധതികളും തടസപ്പെട്ടു.

മണ്ണിടിച്ചിലിനെയും മിന്നല്‍ പ്രളയത്തെയും തുടര്‍ന്ന് എന്‍എച്ച് 305, എന്‍എച്ച് 05 എന്നിവയുള്‍പ്പെടെയുള്ള പ്രധാന പാതകള്‍ അടഞ്ഞു കിടക്കുകയാണ്. മണ്ഡി, കുളു, കിന്നൗര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകള്‍.

ഈ മണ്‍സൂണില്‍ ജൂണ്‍ 20 മുതലുള്ള ആകെ മരണ സംഖ്യ 257 ആയി ഉയര്‍ന്നു. ഇതില്‍ 133 പേര്‍ മണ്ണിടിച്ചില്‍, മിന്നല്‍പ്രളയം, വീടുകള്‍ തകരല്‍ എന്നിവ മൂലവും, 124 പേര്‍ വാഹനാപകടങ്ങളിലും മരിച്ചു. 203 റോഡുകള്‍ അടയ്ക്കുകയും 458 ട്രാന്‍സ്ഫോര്‍മറുകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്ത മണ്ഡിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.