ന്യൂഡല്‍ഹി: വോട്ടുകൊള്ളയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മയും പക്ഷപാതവും പൂര്‍ണമായി തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒരു ആരോപണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അര്‍ത്ഥവത്തായ മറുപടി നല്‍കിയില്ലെന്നും ഭരണ കക്ഷിയും പ്രതിപക്ഷവും തമ്മില്‍ ഒരു വിവേചനവും കാണിക്കുന്നില്ലെന്ന കമ്മീഷന്റെ അവകാശ വാദങ്ങള്‍ പരിഹാസ്യമാണെന്നും ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം ആരോപണങ്ങളില്‍ സത്യവാങ്മൂലം നല്‍കുകയോ ഇല്ലെങ്കില്‍ മാപ്പു പറയുകയോ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോട് മാപ്പു പറയണമെന്നുമാണ് കമ്മീഷന്റെ ആവശ്യം.
ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണക്കാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ കമ്മീഷന് താന്‍ മാത്രം സത്യവാങ്മൂലം നല്‍കുന്നതെന്തിനെന്ന് രാഹുല്‍ ചോദിച്ചു. കുറച്ചു ദിവസം മുമ്പ് ബി.ജെ.പി നേതാക്കള്‍ ഒരു പത്രസമ്മേളനം നടത്തിയതിന് അവരില്‍ നിന്ന് ഒരു സത്യവാങ്മൂലവും ആവശ്യപ്പെട്ടില്ല.
നിങ്ങളുടെ ഡാറ്റ ശരിയാണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പറയുന്നു. എന്നാല്‍ ഈ ഡാറ്റ കമ്മീഷന്റേതാണ്. ഇതിന് എന്തിനാണ് തന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.