കര്‍ഷകരെ അവഗണിച്ചാല്‍ രാഷ്ട്രീയ തിരിച്ചടി നേരിടും: കത്തോലിക്ക കോണ്‍ഗ്രസ്

കര്‍ഷകരെ അവഗണിച്ചാല്‍ രാഷ്ട്രീയ തിരിച്ചടി നേരിടും: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: കാര്‍ഷിക മേഖലയിലെ അവഗണനകള്‍ക്കെതിരെയും, കര്‍ഷകരോടുള്ള തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് ചിങ്ങം ഒന്നിന് കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നൂറു കണക്കിന് കേന്ദ്രങ്ങളില്‍ കര്‍ഷക വഞ്ചനാ ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന തല വഞ്ചനാ ദിനാചരണത്തിന്റെ ഉദ്ഘാടനം പാലക്കാട് വെച്ച് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു.

കര്‍ഷകരെ അവഗണിച്ചാല്‍ രാഷ്ട്രീയ തിരിച്ചടി നേരിടുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തില്‍ അങ്ങോളം ഇങ്ങോളം കര്‍ഷക സമൂഹം കടുത്ത പ്രതിസന്ധി നേരിടുകയാണ് എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ ബോധപൂര്‍വ്വം കണ്ണടക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷകരെ നിരന്തരം അവഗണിക്കുന്നു. നെല്ല്, എലം, റബ്ബര്‍,നാളികേര കര്‍ഷകര്‍ കൃഷി നിര്‍ത്തുന്നു. ജപ്തി ഭീഷണികളും ആത്മഹത്യകളും പെരുകുന്നു. വന്യ മൃഗ ആക്രമണങ്ങള്‍ മൂലം കൃഷിയും കര്‍ഷക ജീവനുകളും നിരന്തരം ഇല്ലാതാകുന്നു. സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.

ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തിയ സമരത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, ഭാരവാഹികളായ തോമസ് ആന്റണി, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. ബോബി ബാസ്റ്റിന്‍, ആന്റണി കുറ്റിക്കാടന്‍, ജോസ് മുക്കുട, ജോസ് വടക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഗ്ലോബല്‍, രൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.