ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂട്ടക്കൊല നടത്തി മൃതദേഹം കുഴച്ചിട്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് ഇറാഖ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
വടക്കന്‍ ഇറാഖ് നഗരമായ മൊസ്യൂളിന് സമീപത്തെ ഖഫ്സ എന്ന പ്രദേശത്ത് ഓഗസ്റ്റ് ഒന്‍പതിനാണ് പരിശോധന ആരംഭിച്ചത്. പത്ത് വര്‍ഷം മുന്‍പ് നടന്ന കൂട്ടക്കൊലയില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്.
നിയമ സംവിധാനങ്ങള്‍, ഫോറന്‍സിക് വിഭാഗം, ഇറാഖിലെ രക്തസാക്ഷികള്‍ക്കായുള്ള ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്.
ഖഫ്സയിലെ കുഴിയില്‍ അടക്കിയവരുടെ 70 ശതമാനവും ഇറാഖ് സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഇറാഖിലെ പുരാതന മതന്യൂനപക്ഷമായ യസീദി വിഭാഗക്കാര്‍ എന്നിവരാണെന്നാണ് സൂചന.
പതിനഞ്ച് ദിവസത്തെ പരിശോധനയ്ക്ക് ശേഷം ശേഖരിച്ച വിവരങ്ങള്‍ക്കനുസൃതമായി ഒരു ഡാറ്റാ ബേസ് നിര്‍മിക്കും. ഇരകളെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങളില്‍ നിന്ന് ഡിഎന്‍എ സാംപിള്‍ ശേഖരിക്കും. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ ബേസ് ഉണ്ടെങ്കില്‍ മാത്രമേ കൊല്ലപ്പെട്ടവരെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
നാലായിരത്തോളം ശവശരീരങ്ങള്‍ ഖഫ്സയില്‍ അടക്കിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഇറാഖില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പേരെ കുഴിച്ചു മൂടിയ ശവക്കുഴിയായിരിക്കും ഇതെന്നാണ് അധികൃതര്‍ കരുതുന്നത്.
2014-17 വരെയുള്ള കാലയളവില്‍ ഇറാഖിന്റെയും സിറിയയുടെയും ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്നു. 2017 ജൂലായിലാണ് ഇറാഖ് സേന ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തുകയും ഇറാഖിലെ വടക്കന്‍ നഗരമായ മൊസ്യൂള്‍ വീണ്ടെടുക്കുകയും ചെയ്തത്.