ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകരായ കരൺ ഥാപ്പർ, സിദ്ധാർത്ഥ് വരദരാജൻ എന്നിവക്കെതിരെ രാജ്യദ്രോഹ കേസ്. അസം പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലാണ് അസം പൊലീസ് കേസെടുത്തതെന്നാണ് സൂചന. ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപനും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് സിദ്ധാർത്ഥ് വരദരാജന്‍.
ക്രിമിനൽ ഗൂഡാലോചന, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 22 ന് മുൻപ് ഇരുവരും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് സമൻസിൽ പറയുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. നിശ്ചിത തിയതിയിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും സമൻസിൽ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്.