റാഞ്ചി: വ്യാജ മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് ഛത്തീസ്ഗഡില്‍ മലയാളികളായ ക്രൈസ്തവ സന്യാസിനികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ റാഞ്ചിയിലെ ക്രൈസ്തവ സമൂഹം നിശബ്ദ റാലി സംഘടിപ്പിച്ചു.
ഓള്‍ ചര്‍ച്ചസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ച് പ്രധാന റോഡായ ആല്‍ബര്‍ട്ട് എക്ക ചൗക്കിലൂടെ നിശബ്ദമായി നടന്നായിരുന്നു പ്രതിഷേധ റാലി.
റാലി സമാപിച്ച രാജ്ഭവന് പുറത്ത് പ്രതിഷേധ യോഗം ചേര്‍ന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ഉയരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വിവിധ ക്രൈസ്തവ നേതാക്കള്‍ ശക്തമായി അപലപിച്ചു. യോഗത്തില്‍ പ്രസംഗിച്ചവര്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയിലും ന്യൂനപക്ഷ അവകാശ ലംഘനങ്ങളിലും ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യ വൈവിധ്യത്തിന്റെ നാടാണെന്നും എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും ഈ പ്രതിഷേധം നീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയാണെന്നും റാഞ്ചി ആര്‍ച്ച് ബിഷപ്പ് വിന്‍സെന്റ് ഐന്‍ഡ് പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ മുഴുവന്‍ ക്രൈസ്തവ സമൂഹവും വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിഎന്‍ഐ ചര്‍ച്ചിലെ ബിബി ബാസ്‌കി മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ റാലിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.