ബ്രസൽസ് : ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വീണ്ടും അവകാശവാദവുമായി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് മുനീറിന്റെ പുതിയ വാദം.
ബെല്‍ജിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസീം മുനീര്‍ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് പ്രശ്‌നത്തില്‍ ട്രംപ് ഇടപെട്ടതെന്നും അസീം മുനീര്‍ പറഞ്ഞു.
‘പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് ഉചിതമായ മറുപടി നല്‍കി. ഇന്ത്യന്‍ നൂതന വിമാനങ്ങളെ തങ്ങള്‍ വെടിവച്ചു വീഴ്‌ത്തി. ആഗോള തലത്തില്‍ പാകിസ്ഥാൻ കൂടുതല്‍ ബഹുമാനം നേടിയെടുത്തു. ഇന്ത്യ വളരെക്കാലമായി തീവ്രവാദത്തിന്റെ പേരില്‍ തെറ്റായ ഇരവാദം നടത്തുന്നു. ഇന്ത്യയ്‌ക്ക് വെടിനിര്‍ത്തല്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. തുടര്‍ന്ന് ട്രംപിന് പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നു. ‘- എന്നാണ് മുനീറിന്റെ വാദം.
യൂറോപ്പിലുടനീളമുള്ള പാകിസ്ഥാന്‍ പ്രവാസ സമൂഹത്തില്‍പ്പെട്ട 500ഓളം പേര്‍ ബെൽജിയത്തിൽ നടന്ന യോഗത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പരിപാടിയില്‍ ഫോണുകളോ റെക്കോര്‍ഡിങ്ങ് ഡിവൈസുകളോ ഉപയോഗിക്കുന്നതില്‍ നിന്ന് അതിഥികള്‍ളെ വിലക്കിയിരുന്നു.
വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ നല്‍കിയ വിശദീകരണത്തിന് നേര്‍വിപരീതമായ കാര്യങ്ങളാണ് അസിം മുനീര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടായ വെടിനിര്‍ത്തല്‍ ഡിജിഎംഒ ലെവലിലുള്ള ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു നടപ്പിലായതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്ക ഇടപെട്ടില്ലെന്നും ഇന്ത്യ വ്യക്തത വരുത്തിയിരുന്നു.