ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി.പി രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി.പി രാധാകൃഷ്ണനെ അനുഗമിച്ചത്.
പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലത്തെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പി പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി.പി രാധാകൃഷ്ണന്‍. മുന്‍ പാര്‍ലമെന്റ് അംഗവും ഝാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്നു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ്.