ഇസ്ലാമാബാദ്: ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ തകര്‍ന്ന ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ധന സമാഹരണ ക്യാംപയ്ന്‍ ആരംഭിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
മെയ് ഏഴിന് നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകര താവളങ്ങളില്‍ പലതും ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ആക്രമണത്തില്‍ നൂറിലധികം തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലൂടനീളം 313 തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി 391 കോടി പാകിസ്ഥാന്‍ രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകര സംഘടന ക്യാംപയ്ന്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനും കുടുംബത്തിനുമുള്ള സുരക്ഷിത ഒളിത്താവളങ്ങള്‍, പുതിയതായി സംഘടനയില്‍ ചേരുന്നവര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കാനാണ് പണസമാഹരണം. സമീപ കാലത്ത് ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസര്‍. ഇയാളും സഹോദരന്‍ തല്‍ഹ അല്‍ സെയ്ഫും ചേര്‍ന്നാണ് ക്യാംപയ്‌ന് നേതൃത്വം നല്‍കുന്നത്.
പരിശോധനകളില്‍ തിരിച്ചറിയാതിരിക്കാന്‍ ഈസി പൈസ, സാദാ പേ തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകളാണ് ധന സമാഹരണത്തിനായി ജെയ്ഷെ മുഹമ്മദ് ഉപയോഗിക്കുന്നത്. അസറിന്റെ മകന്‍ അബ്ദുള്ള അസര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊബൈല്‍ നമ്പറുകളുമായാണ് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി മാത്രമല്ല എല്ലാ വെള്ളിയാഴ്ചകളിലും പള്ളികളില്‍ നിന്ന് ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. ഗാസയിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനെന്ന് പറഞ്ഞാണ് ഈ സംഭാവനകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഈ പണം ജെയ്‌ഷെ മുഹമ്മദിന്റെ സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണെന്നാണ് റിപ്പോര്‍ട്ട്.
ബഹവല്‍പൂര്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദുമായി ദീര്‍ഘകാലമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ചാരിറ്റി സംഘടനയായ അല്‍ റഹ്‌മത്ത് ട്രസ്റ്റും ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് വഴി പണം സ്വരൂപിക്കുന്നുണ്ട്. മസൂദ് അസറും അടുത്ത കൂട്ടാളികളും നടത്തുന്ന ഈ ട്രസ്റ്റാണ് ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന സാമ്പത്തിക സ്രോതസ്.
പാകിസ്ഥാനില്‍ നിന്നും മറ്റ് പല മുസ്ലീം രാജ്യങ്ങളില്‍ നിന്നുമായി കോടിക്കണക്കിന് രൂപയുടെ സംഭാവനകളാണ് സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. മെഷീന്‍ ഗണ്‍, റോക്കറ്റ് ലോഞ്ചറുകള്‍, മോര്‍ട്ടാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന ആയുധങ്ങള്‍ വാങ്ങാനും ഈ ഫണ്ടുകള്‍ ഉപയോഗിക്കുന്നതായാണ് അറിയുന്നത്.